അര്‍ബുദത്തെ അറിയുക; ചികിത്സയേയും



 അര്‍ബുദത്തെ അറിയുക; ചികിത്സയേയും 

തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്റര്‍  പി.ആര്‍.ഒ സുരേന്ദ്രന്‍ ചുനക്കരയുമായി നടത്തിയ അഭിമുഖം



കാന്‍സര്‍ അഥവാഅര്‍ബുദം എന്ന രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ധാരാളം ധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്. ശരിയായ തരത്തിലുള്ള അറിവ് പകര്‍ന്നു നല്‍കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സമൂഹത്തിന് ശരിയായ രീതിയിലുള്ള അറിവ് പകര്‍ന്നുകൊടുത്താല്‍ മാത്രമെ കാന്‍സര്‍ പോലുള്ള രോഗങ്ങളെ
ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കുകയുള്ളൂ.
    കാന്‍സര്‍ പ്രതിരോധത്തിന് മൂന്നുഘട്ടങ്ങളാണ് ഉള്ളത്.
1. കാന്‍സര്‍ വരാതിരിക്കാന്‍ നോക്കുക
2. വന്നാല്‍ തന്നെ നേരെത്തേ തന്നെ കണ്ടുപിടിക്കാന്‍ നോക്കുക.
3. കാന്‍സറിനെ സംബന്ധിച്ച രോഗിയുടെ ഭയം അകറ്റി ശരിയായ ചികിത്സ ചെയ്യുക.
    ചികിത്സ ഒന്നും ഫലപ്രദമാകാത്ത രോഗിക്ക് സാന്ത്വന ചികിത്സകള്‍ നല്‍കി ശിഷ്ടകാലം സമൂഹത്തില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
  ജനിതകമായ കാരണങ്ങളും ജീവിതശൈലിയിലുണ്ടായ വ്യതിയാനങ്ങളും കാന്‍സര്‍ എന്ന രോഗത്തെ സാര്‍വത്രികമാകുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതിയിലുണ്ടായ ആരോഗ്യകരമല്ലാത്ത മാറ്റം ഇതിന് ആക്കം വര്‍ദ്ധിപ്പിച്ചു.ഇന്ത്യയിലുണ്ടാകുന്ന ക്യാന്‍സറിന്റെ നാല്പതു ശതമാനത്തോളം പുകയിലയുടെ ഉപയോഗം മൂലമാണ്.ഇരുപതുമുതല്‍ ഇരുപത്തിയഞ്ചു ശതമാനം വരെ ശാസ്ത്രീയമായ ഭക്ഷണക്രമത്തിന്റെ അഭാവത്താലാണ് ഉണ്ടാകുന്നത്. മാംസത്തിന്റെയും കൊഴുപ്പിന്റെയും അമിത ഉപയോഗം കാന്‍സറിന് ഹേതു
വാകുന്നു.
        കാന്‍സര്‍ എന്ന രോഗം വന്നതിനുശേഷം അതിനെ ചികിത്സിച്ച് ഭേദമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടത്. മറിച്ച് കഴിയുന്നിടത്തോളം ഈ രോഗത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ജനറ്റിക്ക് കാരണങ്ങള്‍കൊണ്ടാണ് രോഗബാധയെങ്കില്‍ ശാസ്ത്രത്തിനോ മനുഷ്യനോ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.
    ജീവിതചര്യതകളില്‍ മാറ്റം വരുത്തി ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.മിതമായ ഭക്ഷണം, മിതമായ വ്യായാമം, കൃത്യമായ ജീവിതചര്യകള്‍ ഇതിലൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ പല കാന്‍സര്‍ രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം പറയുന്നു.
    നമ്മുടെ ഭക്ഷണരീതി തന്നെ പാടെ മാറിയിരിക്കുന്നു. ഇരുപത് വര്‍ഷം മുന്‍പുള്ള ഭക്ഷണമല്ല നമ്മുടെ ഇന്നത്തെ ഭക്ഷണം. നമ്മുടെ പരിസരം ഇരുപതു വര്‍ഷം മുന്‍പുള്ളതു പോലെയല്ല. വികസനത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായും വികസനത്തിനൊപ്പം ജീവിതത്തിന് അനുഗുണമല്ലാത്ത ചില കാര്യങ്ങള്‍ കൂടി കടന്നുവരും. വികസനത്തിന്റെ ഉപോല്‍പ്പന്നമാണ് കാന്‍സര്‍ എന്ന്
വേണമെങ്കില്‍ പറയാം. തെറ്റായ, ദിശാബോധം നഷ്ടപ്പെട്ട വികസനത്തിനാണ് ഇങ്ങനെ സംഭവിക്കുന്നത്.
    വികസനത്തെ സംബന്ധിച്ച് നമുക്ക് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം. നമ്മുടെ നാട്ടില്‍ ഉള്ള കാന്‍സര്‍രോഗികളെക്കാള്‍ അഞ്ചോ ആറോ ഇരട്ടിയാണ് പാശ്ചാത്യരാജ്യങ്ങളിലുള്ള കാന്‍സര്‍ രോഗികളുടെ എണ്ണം. പാശ്ചാത്യരാജ്യങ്ങളിലെ ജീവിതശൈലി നമ്മുടെ നാട്ടിലേക്ക് പറിച്ചുനടുമ്പോള്‍ സ്വാഭാവികമായിട്ടും അതിന്റെ തിക്തഫലവും നമ്മള്‍ അനുഭവിക്കണം. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ 25 വര്‍ഷമായി വന്ന മാറ്റം എത്ര മാത്രമാണെന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും.
    കാന്‍സര്‍ കൂടിവരുന്നു എന്നുപറയുന്നതിന് മറ്റു കാരണങ്ങള്‍ കൂടിയുണ്ട്. രോഗനിര്‍ണയത്തിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മാറിയിരിക്കുന്നു. പണ്ട് ലുക്കീമിയ വന്നാല്‍ ശരിയായ രോഗനിര്‍ണ്ണയം സാധ്യമായിരുന്നില്ല. പനിയാണെന്നു കാരുതി രോഗിക്ക് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുകയും ചെയ്യും.    
    വായിലെ കാന്‍സര്‍ കവിളുവാര്‍പ്പ് രോഗമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. വയറിലുണ്ടാകുന്ന കാന്‍സര്‍ മഹോദരം എന്നാവും കരുതുക. ഇതൊന്നും കൃത്യമായികണ്ടുപിടിച്ചിരുന്നില്ല, തിരിച്ചറിഞ്ഞിരുന്നില്ല. സാങ്കേതിക വിദ്യയുടെ മുന്നേറ്റഫലമായി രോഗങ്ങള്‍ കൃത്യമായി തിരിച്ചറിയാനും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ 
ചികിത്സകള്‍ ലഭ്യമാക്കാനും ഇന്ന് സാധിക്കുന്നുണ്ട്.
    ജനസംഖ്യാ വര്‍ദ്ധനയും ആയുര്‍ദൈര്‍ഘ്യത്തില്‍ വന്ന വര്‍ദ്ധനയും കാന്‍സറിന്റെ വ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ ക്യാന്‍സര്‍ രോഗബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുലാണ്. പുകവലിയും മദ്യപാനവും പോലുള്ള ദുഃശ്ശീലങ്ങള്‍ ക്യാന്‍സറിനെ സാര്‍വത്രികമാക്കി.
      ഇരുപതുവര്‍ഷം മുന്‍പ് നാം മാംസാഹാരം കഴിച്ചിരുന്ന അളവിലല്ല  ഇപ്പോള്‍ മാംസാഹാരം ഉപയോഗിക്കുന്നത്. സ്റ്റിറോയിഡ്‌സ് കൊടുത്ത് പെട്ടെന്ന് ഭാരം കൂട്ടി വിപണിയില്‍ വിറ്റഴിക്കുന്ന ചിക്കന്‍ശരീരത്തില്‍ ചെന്നാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും. രണ്ടരവര്‍ഷംകൊണ്ട് വളരേണ്ട കോഴി മൂന്നുമാസം കൊണ്ട് വളര്‍ച്ച കൈവരിച്ച് തീന്‍ മേശയില്‍ എത്തുന്നു. ഇതിന്റെയൊക്കെ പരിണിതഫലം രോഗങ്ങളായി നമ്മളെതേടിയെത്തുകയാണ്. ഇതൊക്കെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല, ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്.
    ദുഃശീലങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള മാനസികശേഷിഒരു വ്യക്തിക്കുണ്ടാക്കി ക്കൊടുക്കുകയുമാണ് വേണ്ടത്. സിലബസിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ തന്നെ ഇതിനുള്ള  പരിശീലനം ആവശ്യമാണ്. ദുഃശീലങ്ങള്‍ക്ക് അടിമപ്പെടുന്നത് നമ്മുടെ മനസിന്റെ നിയന്ത്രണശേഷി ഇല്ലായ്മയാണെന്ന് തിരിച്ചറിയണം.
    കാന്‍സറിനേക്കാള്‍ മാരകമായ അസുഖങ്ങള്‍ ഉണ്ട്. ഡയബറ്റീസ് എന്ന അസുഖം പൂര്‍ണ്ണമായി ഭേദമാക്കുവാന്‍ കഴിയില്ല. അത് നിയന്ത്രണവിധേയമാക്കുവാന്‍ മാത്രമെ സാധിക്കൂ. എന്നാല്‍ ചില കാന്‍സര്‍ രോഗങ്ങള്‍ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും.

സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍
    കാന്‍സറെന്നാല്‍ മരണമാണെന്ന ഒരു ധാരണ സമൂഹത്തിനുണ്ട്. ഏതു രോഗമായാലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കണ്ടുപിടിച്ചാല്‍ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമാണ്. കാന്‍സര്‍ നേരത്തേ തന്നെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമായാല്‍ രോഗമുക്തി സാധ്യമാണ്.
    കാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള ജാഗ്രത എല്ലാവരിലും ഉണ്ടാകണം. പ്രതിരോധത്തിന്റെ ആദ്യപടി രോഗത്തിനെതിരേയുള്ള  ഈ ജാഗ്രതയാണ്. ഒരു മുഴ കണ്ടാല്‍, ഒരു വൃണം കണ്ടാല്‍ ചില കാക്കപ്പുള്ളികള്‍ കണ്ടാല്‍ അത്  ശ്രദ്ധിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെ നിസാരമായി കാണാതെ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. പല കാന്‍സര്‍ രോഗികളും അവസാനഘട്ടത്തിലാണ് ചികിത്സതേടി എത്തുന്നത്.
    ആറുമാസം മുന്‍പ് ഏകദേശം 48 വയസ്സുള്ള ഒരു കോളേജ് അദ്ധ്യാപിക ആര്‍.സി.സി.യില്‍ ചികിത്സ തേടി വന്നു. സുവോളജിയില്‍ ുവ.ഉ ഉള്ള ആളാണ്. അവര്‍ ബ്രെസ്റ്റ് പൊട്ടിയ അവസ്ഥയിലാണ് ചികിത്സ തേടി വന്നത്. ഇതിനെ അറിവില്ലായ്മ എന്ന് പറയാന്‍ പറ്റുമോ. വിദ്യാഭ്യാസം കൊണ്ട് അറിവ് ഉണ്ടായെങ്കിലും വിവേകം ഉണ്ടാകുന്നില്ല എന്നുവേണം മനസിലാക്കാന്‍. അവര്‍ മരണത്തിനു കീഴടങ്ങി.
    ശരിയായ സമയത്ത് ചികിത്സ തേടിയിരുന്നെങ്കില്‍ ആ കോളേജ് അദ്ധ്യാപിക ജീവിതത്തിലേക്ക് തിരിച്ചുവരുമായിരുന്നു. അപ്രിയമായതിനെ മാറ്റിവെയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം മാത്രമല്ല. നമുക്ക് ചുറ്റുമുള്ളവരുടെജീവിതം കൂടിയാണെന്ന് തിരിച്ചറിയണം.
    കാന്‍സര്‍ മാറിയ ആരും തനിക്ക് ഒരിക്കല്‍ കാന്‍സര്‍ രോഗം ഉണ്ടായിരുന്നു എന്ന് സമൂഹത്തോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. സിനിമാതാരങ്ങളായ ഇന്നസെന്റും മംമ്തയുമൊക്കെ സ്വന്തം രോഗാവസ്ഥ സമൂഹവുമായി പങ്കുവെച്ചിരുന്നു. ഇത് മറ്റ് രോഗികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ തെറ്റിദ്ധാരണകളെ മാറ്റാനും സഹായിക്കും. കാന്‍സര്‍ രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍
നിന്ന് മാറ്റി നിര്‍ത്താതെ, അനാവശ്യമായ സഹതാപം കാണിച്ച് അവരുടെ ആത്മവിശ്വാസം തകര്‍ക്കാതെ ജീവിതത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസം നല്‍കാന്‍ സമൂഹം തയ്യാറാകണം.
    അമേരിക്കയില്‍ കാന്‍സര്‍ വിമുക്തരുടെ ഒരു ദിവസമുണ്ട്. പിങ്ക് ഡേ എന്നാണ് ആ ദിവസം അറിയപ്പെടുന്നത്. അന്ന് എല്ലാവരും പിങ്ക് ബനിയനുമൊക്കെ ധരിച്ച് റാലികളും മറ്റു പരിപാടികളും ഒക്കെ സംഘടിപ്പിക്കും. മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ ദിവസത്തെ വീക്ഷിക്കുന്നത്.
    ഒരു കാന്‍സര്‍ രോഗിയെ കണ്ടാല്‍ എഴുന്നേറ്റു നിന്ന് ആദരിക്കും. അവര് ഒരു കാന്‍സര്‍ രോഗിയെ കാണുന്നത് ഒരു പടയാളിയെപ്പോലെയാണ്. കാന്‍സറെന്നരോഗവുമായി പടവെട്ടി വിജയം കൈവരിച്ച മനുഷ്യന്‍ എന്ന നിലയില്‍വലിയ ബഹുമാനമാണ് അവര്‍ ഒരു കാന്‍സര്‍ രോഗിക്ക് നല്‍കുന്നത്.
    നമ്മുടെ നാട്ടില്‍ കാന്‍സര്‍ രോഗിക്ക് ലഭിക്കുന്നത് സഹതാപവും. ഇതിന് മാറ്റം ഉണ്ടാകണം.കാന്‍സര്‍ മാറിയവരുടെ കൂട്ടായ്മകളിലൂടെ നമ്മുടെ സമൂഹത്തിനുള്ള ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കും. സ്ഥാപനം എന്നുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ആര്‍.സി.സി.ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

കാന്‍സറിന്റെ ചികിത്സാചെലവുകള്‍
    കാന്‍സര്‍ രോഗം ഒന്നോ രണ്ടോദിവസംകൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നല്ല. നിരന്തരമായ ചികിത്സയും വിലകൂടിയ മരുന്നുകളുടെ ഉപയോഗവും കാന്‍സര്‍ രോഗിയുടെ കുടുംബത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കാന്‍ പോന്നവയാണ്. നേരത്തേ നിര്‍ണയിക്കപ്പെടുന്ന കാന്‍സര്‍ പലതും വളരെ ചെലവ്കുറഞ്ഞരീതിയില്‍ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയും. കാന്‍സര്‍ചികിത്സയുടെ ചെലവ്കുറയ്ക്കു
ന്നിനുള്ള ഏകമാര്‍ഗം നേരത്തേ രോഗം കണ്ടുപിടിക്കുക എന്നതാണ്.
    സര്‍ക്കാര്‍ തലത്തില്‍ അനവധി ആനുകൂല്യങ്ങള്‍ രോഗികള്‍ക്ക് ഇന്ന് ലഭ്യമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാന്‍സര്‍ രോഗിക്ക് സുകൃതം പദ്ധതിപ്രകാരം 3ലക്ഷംരൂപ വരെ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എ.പി.എല്‍. കാര്‍ഡുള്ള ആളാണ് രോഗിയെങ്കില്‍ 2 ലക്ഷം രൂപവരെ കാരുണ്യഫണ്ടില്‍ നിന്നും കിട്ടും. 18 വയസ്സിനു താഴെയുള്ള ആളുകള്‍ക്ക് കാന്‍സര്‍ചികിത്സ സൗജന്യമാണ്.
    കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫണ്ടും ചികിത്സയ്ക്കായി ഇന്ന് ലഭ്യമാണ്. പല സ്‌കീമുകളിലൂടെ ചികിത്സയ്ക്കുള്ള പണം ഇന്ന് സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്. ചികിത്സാചിലവിനെ സംബന്ധിച്ചിത്തോളം പണ്ടത്തേതിനെ അപേക്ഷിച്ച് വലിയ ബുദ്ധിമുട്ടുകള്‍ ഇന്ന് രോഗികള്‍ക്ക് നേരിടേണ്ടിവരുന്നില്ല.

ചികിത്സയെ സംബന്ധിച്ചുള്ള ഭയം
    ചികിത്സയോടനുബന്ധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ താല്ക്കാലികമാണ്. കീമോതെറാപ്പി എടുക്കുമ്പോള്‍ മുടി കൊഴിയുന്നത് സൈഡ് എഫക്റ്റ് മൂലമാണ്.അതിനെ പോസിറ്റീവായി കാണുകയാണ് വേണ്ടത്. ആറുമാസം കഴിയുമ്പോള്‍ കൊഴിഞ്ഞുപോയ മുടി കിളിര്‍ത്തുവരും. ചിലര്‍ക്ക് ഛര്‍ദ്ദിലുണ്ടാകുമെന്ന പേടിയാണ്.അതിനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഇന്‍ഫക്ഷന്‍ സാധ്യതയാണ് മറ്റൊന്ന.് അതിന് ആന്റിബയോട്ടിക്ക് സപ്പോര്‍ട്ട് ഇന്ന് ലഭ്യമാണ്.
    രോഗിക്ക് ചികിത്സയെ നേരിടാനുള്ള ആത്മധൈര്യം കൊടുക്കുന്നതിനുള്ള കൗണ്‍സിലിംഗ് ആദ്യംതന്നെ നല്‍കണം. ജീവിതത്തില്‍ കടന്നുപോകുന്ന അനവധി അനുഭവങ്ങളില്‍ ഒന്നുമാത്രമാണ് ഈരോഗാവസ്ഥയും എന്ന് രോഗിയെബോധ്യപ്പെടുത്താനായാല്‍ ചികി
ത്സ കൂടുതല്‍ ഫലപ്രദമാകും.
     പനി വന്നാല്‍ മരുന്നു കഴിക്കുന്നതുപോലെ കാന്‍സറിനേയും ഞാന്‍ നേരിടും എന്ന ധൈര്യം രോഗിക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണം. കൗണ്‍സിലിംഗിലൂടെ ഇത് സാധിക്കും. ആര്‍.സി.സി.യില്‍ചികിത്സ തേടിവരുന്ന രോഗികള്‍ക്ക് അവരുടെ രോഗാവസ്ഥയെ കുറിച്ചും അതിനെ നേരിടേണ്ട രീതികളെപ്പറ്റിയുമൊക്കെ വളരെ പോസീറ്റീവായ തരത്തില്‍ കൗണ്‍സിലിംഗ് നല്‍കും.

ചികിത്സാ സ്ഥാപനം
    ചികിത്സിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ഉള്ള ഒരിടത്തു മാത്രമേ ചികിത്സതേടി പോകാവൂ. അവിടെ കാന്‍സറിന്റെ വിദഗ്ദ്ധര്‍ തന്നെയാണ് ചികിത്സിക്കുന്നതെന്ന് ഉറപ്പുവരുത്തണം. പല ചികിത്സകള്‍ പല സ്ഥലത്തായി നടത്തുന്നത് ചികിത്സയെ പ്രതികൂലമായി ബാധിക്കും.
    സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുളള വിവരങ്ങള്‍ രോഗികള്‍ക്ക് വ്യക്തമാക്കി കൊടുക്കാനുള്ളസംവിധാനം എല്ലാ കാന്‍സര്‍ ചികിത്സാസെന്ററുകളിലും ഉണ്ടായിരിക്കണം. ആര്‍.സി.സി.യില്‍ വരുന്ന എല്ലാരോഗികള്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട ചികിത്സാ സ്‌കീമുകളെപ്പറ്റി വ്യക്തമായി പറഞ്ഞു കൊടുക്കാറുണ്ട്. തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും രോഗികള്‍ക്ക് നല്‍കരുത്.

പാലിയേറ്റീവ് കെയര്‍
    ചികിത്സകൊണ്ട് ഒരു മാറ്റവും വരാന്‍ സാധ്യതയില്ലാത്ത രോഗികള്‍ക്ക് സാന്ത്വനവും പരിചരണവും ലഭ്യമാക്കേണ്ടത് നമ്മുടെ കടമയാണ്. ശിഷ്ടജീവിതം ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകാന്‍ അവരെ അനുവദിക്കുക. അതിനുള്ള അവസരം നമ്മള്‍ അവര്‍ക്ക് നല്‍കുക.തൊണ്ണൂറു വയസ്സുള്ള ഒരു കാന്‍സര്‍ രോഗിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് വേണ്ടത് ചികിത്സയ്ക്കു പുറമേയുള്ള സാന്ത്വനമാണ്. ഈ തിരിച്ചറിവ് രോഗിയുടെ ബന്ധുക്കള്‍ക്കും രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഉണ്ടാകണം.

ആര്‍.സി.സി.യുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
    ഒരു രോഗിയെ സംബന്ധിച്ചിടത്തോളം മരുന്നും ഭക്ഷണവുമാണ് വളരെ പ്രധാനം. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ മാത്രം പോര അവര്‍ക്ക് നല്ല ഗുണമേന്മയുള്ള ഭക്ഷണവും നല്‍കണം. ആര്‍.സി.സി.യില്‍ വരുന്ന രോഗികളില്‍ ഭൂരിപക്ഷവും പാവപ്പെട്ടവീടുകളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക്ഹോട്ടലിലും മറ്റുംപോയി നല്ലഭക്ഷണം കഴിക്കാന്‍ പറ്റുന്ന അവസ്ഥയിലുള്ളവര്‍ ആയിരിക്കില്ല. മാത്രമല്ല പല ഹോട്ടലുകളും നമുക്ക് വിശ്വസിക്കാന്‍ സാധിക്കുകയില്ല. ഇമ്മ്യൂണിറ്റി കുറഞ്ഞ രോഗികള്‍ക്ക് ഭക്ഷണത്തിലൂടെ ഇന്‍ഫക്ഷന്‍ വരാന്‍ സാധ്യതയുണ്ട്.
    ഇതൊക്കെ ഒഴിവാക്കാനായി ആര്‍.സി.സി.യിലെ കാന്റീനില്‍ ഡയറ്റീഷ്യന്റെ നേതൃത്വത്തില്‍ ശുദ്ധമായ ഭക്ഷണം ഉണ്ടാക്കി രോഗികള്‍ക്ക് നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. ഏകദേശം മുന്നൂറോളം പേര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ 'അക്ഷയപാത്രം' എന്ന ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നത് ഈ ഫണ്ടില്‍ നിന്നാണ്.
    എട്ടാംക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ഒരു തവണ 500 രൂപ അയച്ചു തന്നു. തനിക്ക് പോക്കറ്റ് മണിയായി കിട്ടിയ തുകകള്‍ ശേഖരിച്ച് വെച്ച് അയച്ചു തന്നതാണ്. പലസ്‌കൂളുകളിലെയും, കോളേജുകളിലേയും കുട്ടികള്‍ ധനസമാഹരണം നടത്തി ആര്‍.സി.സി.യില്‍ വരുന്ന പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിനായി നല്‍കുന്നുണ്ട്. കിങ്ങിണച്ചെപ്പ് എന്ന പേരില്‍ഒരു കിഡ്‌സ് വെല്‍ഫയര്‍ ഫണ്ടുംആര്‍.സി.സി.യില്‍ രൂപീകരിച്ചിട്ടുണ്ട്.
    തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വളരെ പാവപ്പെട്ട രോഗികള്‍ ഉണ്ട്. അവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നുംലഭിക്കുകയില്ല. അത്തരം രോഗികളുടെ ചികിത്സാ ചെലവുകള്‍ ആര്‍.സി.സി. തന്നെ നേരിട്ട് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇത്വളരെ സാമ്പത്തിക ബാധ്യതയുള്ള ഒരു കാര്യമാണ്. പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.


ആര്‍.സി.സി.യിലെ ചികിത്സ
    തിരുവനന്തപുരത്തുള്ള ആര്‍.സി.സി ഒരു റഫറല്‍ ആശുപത്രിയാണ്. മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഏതെങ്കിലും ഒരു ഡോക്ടറുടെ റഫറല്‍ കത്ത്ആര്‍.സി.സി.യിലേക്ക് വരാന്‍ അത്യാവശ്യമാണ്. കഴിയുന്നതും രോഗത്തിന്റെ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായിട്ടുവേണം ആര്‍.സി.സി.യില്‍ ചികിത്സ തേടി വരുവാന്‍. (ബയോപ്‌സി റിപ്പോര്‍ട്ടുസഹിതം) ഡോക്ടറുടെ കത്തും, ബയോപ്‌സി റിപ്പോര്‍ട്ടടക്കമുള്ള  അനുബന്ധ രേഖകളും ഒപ്പം രോഗിയുമായിട്ടു വേണം ആര്‍.സി.സി.യില്‍ എത്താന്‍.
    ഞായറാഴ്ചയും പബ്ലിക്ക് ഹോളിഡെയ്‌സും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 7 മണിമുതല്‍ 12 മണിവരെയാണ് രജിസ്‌ട്രേഷന്‍ സമയം. രോഗിയുടെ ഫിസിക്കല്‍ പ്രസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ആര്‍.സി.സി.യില്‍ രജിസ്‌ട്രേഷന്‍ സാധ്യമാവുകയുള്ളൂ. രോഗത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ ക്ലിനിക്കുകളിലേക്ക് രോഗിയെ അഡ്മിറ്റ് ചെയ്യും. തുടര്‍ന്ന് രോഗനിര്‍ണ്ണയം നടത്തി ചികിത്സ നിശ്ചയിക്കും..






Comments

Popular posts from this blog

എന്നു നിങ്ങളുടെ വിമല്‍ - അഭിമുഖം

കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും